കോഴിക്കോട് ഷിഗെല്ല ഭീതിയില്‍ ; നാലുപേര്‍ക്ക് സ്ഥിരീകരിച്ചു, ഒരു മരണം ; 25 പേര്‍ക്ക് രോഗലക്ഷണം ; അതീവ ജാഗ്രത
കോഴിക്കോട് : കോവിഡിന് പിന്നാലെ കോഴിക്കോട് ഷിഗെല്ല ഭീതിയിൽ. കോഴിക്കോട് നാലുപേർക്ക് ഷിഗെല്ല രോഗം സ്ഥിദ്ധീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടിക്കൽത്താഴെ, ചെലവൂർ മേഖലയിൽ 25 പേർക്ക് രോഗലക്ഷണം കണ്ടതായി റിപോർട്ടുണ്ട്.
ഇതേതുടർന്ന് പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. രോഗബാധിതരുമായുള്ള സമ്പർക്കം വഴിയും രോഗം പടരാം.
കടുത്തപനി, വയറുവേദന, മനംപുരട്ടൽ, ഛർദ്ദിൽ , വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗബാധിതരുമായി സമ്പർക്കത്തിലായാൽ ഒന്നുമുതൽ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
വ്യക്തി ശുചിത്വം പാലിക്കുക,കൈകൾ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചു വെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു