വെറും 10 മിനിറ്റ് മതി E-PAN റെഡി; അറിയേണ്ട കാര്യങ്ങൾ
രാജ്യത്ത് ഒട്ടുമിക്ക എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് ഒരു അനിവാര്യമായ രേഖയാണ്. പലപ്പോഴും പാൻകാർഡ് കൊണ്ടു നടക്കുക ബുദ്ധിമുട്ടാണ്. അവ നഷ്ടപ്പെട്ടാൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ഭയം വേറെ. ഒരു വ്യക്തിയുടെയോ, കമ്പനിയുടെയോ നികുതി ബാധ്യത വിലയിരുത്തുന്നതിന് അത്യന്താപേക്ഷിതമായേക്കാവുന്ന, എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ട്രാക്ക് സൂക്ഷിക്കാൻ ആദായനികുതി അതോറിറ്റിയെ സഹായിക്കുന്ന ഒരു പ്രധാന രേഖ കൂടിയാണ് പാൻ കാർഡ്. നികുതിവെട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സാമ്പത്തിക കാര്യങ്ങൾക്കു പാൻ നിർബന്ധിതമാക്കിയിരിക്കുന്നത്.
പുതിയ ഡിജിറ്റൽ ആവാസ വ്യവസ്ഥയിൽ പാൻകാർഡ് കൊണ്ടു നടക്കേണ്ടതില്ലെന്നതാണു യാഥാർഥ്യം. പാൻ കാർഡിന്റെ അതേ സാധുത തന്നെയാണ് ഇ- പാനിനും ഉള്ളത്. ഇത് പാൻ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും നിങ്ങളുടെ ഫോണിലോ, ഡിജിറ്റൽ മാർഗങ്ങളിലോ പാൻ സൂക്ഷിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. പാൻ കാർഡ് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഒരു എഫ്.ഐ.ആർ ഫയൽ ചെയ്തതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കാനും, അപേക്ഷാ പ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ ഒരു ഇ- പാൻ നേടാനും സാധിക്കും.
ഇ- പാൻ പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. സുരക്ഷ ഉറപ്പാക്കുന്നതിന് ഈ രേഖ പാസ്‌വേഡ് കൊണ്ട് സംരക്ഷിച്ചിരിക്കും. എൻ.എസ്.ഡി.എൽ ഇ- ഗവൺമെന്റ് മുഖേന പുതിയ അപേക്ഷ പ്രോസസ് ചെയ്തവർക്കും ഇ- പാൻ ലഭിക്കും.
ഇ-പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- https://www.onlineservices.nsdl.com/paam/requestAndDownloadEPAN.html എന്ന ലിങ്ക് സന്ദർശിക്കുക.
- അക്നോളജ്മെന്റ് നമ്പർ അല്ലെങ്കിൽ പാൻ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ 10 അക്ക ആൽഫാന്യൂമെറിക് പാൻ കാർഡ് നമ്പർ നൽകുക.
- നിങ്ങളുടെ ആധാർ നമ്പർ നൽകുക (വ്യക്തിക്ക് മാത്രം).
- ജനനത്തീയതി / സംയോജനം / രൂപീകരണം തെരഞ്ഞെടുക്കുക.
- (ജി.എസ്.ടി.എൻ. നമ്പർ ഓപ്ഷണൽ ആണ്)
- തുടർന്ന് ആധാർ സ്വീകാര്യത ബോക്‌സിൽ ടിക്ക് ചെയ്യുക.
- ക്യാപ്ച കോഡ് നൽകുമ്പോൾ മൊബൈലിലേക്ക് ഒ.ടി.പി. ലഭിക്കും.
- ഒ.ടി.പി നൽകുന്നതോടെ ഇ- പാൻ ഡൗൺലോഡ് ആകും.