ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ; വയോജനങ്ങൾക്ക് വീട്ടിൽ സേവനം; പുതുവത്സര നാളിൽ പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
പുതുവത്സര നാളിൽ സംസ്ഥാനത്തെ സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വയോധികർക്ക് ആണ് മുഖ്യമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജനുവരി 10 ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന 5 സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. മസ്റ്ററിങ് ,ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ ,സിഎംഡിആർ എഫിന്റെ സഹായധനം, അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നു സേവനങ്ങൾ. ക്രമേണ എല്ലാ സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഓൺലൈനായി സേവനങ്ങൾ അപേക്ഷിക്കുവാൻ ബുദ്ധിമുട്ടുള്ള സാധാരണക്കാർക്ക് സമാന്തരമായ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഇതിനായി ഓരോ വീടുകളിൽ സന്ദർശിച്ച് പരാതികൾ സ്വീകരിച്ച് അത് അധികാരികളിലേക്ക് എത്തിച്ചു തുടർ നടപടികൾ അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിനായി സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നിയോഗിക്കും. ഭിന്നശേഷിക്കാർ ,പരസഹായമില്ലാതെ താമസിക്കുന്ന 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ എന്നിവരുടെ വിവരങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കണം. ഭവന സന്ദർശനത്തിലൂടെ മേല്പറഞ്ഞ സേവനങ്ങൾ ആവശ്യമുണ്ടോ എന്ന് കണ്ടെത്തിയതിനു ശേഷം അവ ലഭ്യമാക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കും. ജനുവരി 15 തൊട്ട് പദ്ധതി ആരംഭിക്കാനാണ് തീരുമാനം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പഠിക്കുവാൻ താല്പര്യമുള്ളവർക്കായി പ്രത്യേകം പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കായി വിവിധ രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്താനുള്ള പദ്ധതികൾ രൂപീകരിക്കുന്നുണ്ട്. ബിരുദം നല്ല മാർക്കോടെ പാസ്സായി സാമ്പത്തികമായി പിന്നോക്കം ആയതിനാൽ തുടർന്ന് പഠിക്കുവാൻ വകയില്ലാത്ത കുട്ടികൾക്കായി ഒരു ലക്ഷം രൂപ നൽകും. വാർഷിക വരുമാനം രണ്ടരലക്ഷംത്തിനുതാഴെ നിൽക്കുന്നവർക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക. അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ഈ തുക നിക്ഷേപിക്കുക.
കുട്ടികൾക്കിടയിൽ ഇപ്പോൾ കൂടിവരുന്ന ആത്മഹത്യാപ്രവണത തടയുവാനായി സ്കൂൾ കൗൺസിലർമാരുടെ എണ്ണം വർധിപ്പിക്കും. ലോക്ക് ഡൗൺ കാലത്ത് പ്രത്യേകിച്ചും ,വിവിധതരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി കൗൺസിലിങ് ഏർപ്പെടുത്തും. കുട്ടികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന അനീമിയ രോഗം തടയാൻ പോഷകാഹാരം ലഭ്യമാക്കാനുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15ന് മുമ്പ് കുട്ടികളുടെ പരിശോധന പൂർത്തിയാകും. ഇവയ്ക്കു പുറമേ അഴിമതി മുക്ത കേരളം പരിപാടി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അഴിമതി സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരും വിവരവും രഹസ്യമാക്കി വെച്ചു കൊണ്ട് തന്നെ നടപടികൾ സ്വീകരിക്കുന്നതാണ്. ജനുവരി 26നാണ് പദ്ധതി ആരംഭിക്കുക.
പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം തടയുവാൻ വേണ്ടി ഫ്രീ ഫാബ് പദ്ധതി ഉപയോഗിച്ചുള്ള ഗാർഹിക നിർമ്മാണങ്ങൾക്ക് കെട്ടിട നികുതിയിൽ ഇളവു നൽകും. പ്രാദേശികതലത്തിൽ പ്രഭാത സായാഹ്ന സവാരിയും കുട്ടികൾക്ക് കളിക്കുവാനുള്ള പൊതു ഇടങ്ങളും സൃഷ്ടിക്കുന്നത് ആയിരിക്കും. ഒരു വർഷത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും പൊതു ഇടങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട് സർക്കാർ. സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് നിയന്ത്രിക്കുവാൻ ആയി സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ സാക്ഷരത പദ്ധതി ഒരുക്കുകയും ചെയ്യും .
Recommended Posts
6 മാസം കൊണ്ട് +2
12/09/2022