നവംബർ ഒന്നിന് തന്നെ തുറക്കും; ‘ബയോബബിൾ’ സുരക്ഷയൊരുക്കുമെന്ന് മന്ത്രിമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. കോവിഡ് വ്യാപനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്കൂളുകളിൽ ബയോബബിൾ ആശയത്തിൽ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണ ജോർജും തിരുവനന്തപുരത്ത് പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയ്ക്കായി സമഗ്ര റിപ്പോർട്ട് തയ്യാറാക്കും. സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങൾ അടക്കം പരിശോധിച്ചാകും മാർഗരേഖ. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൾ സെക്രട്ടറിമാരാണ് റിപ്പോർട്ട് തയ്യാറാക്കുക. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെയുള്ളവരുമായി സംസാരിക്കും.
ബയോബബിൾ പോലെയുള്ള സുരക്ഷ കേന്ദ്രമായി സ്കൂളിനെ മാറ്റും. ആശങ്കയ്ക്ക് ഒട്ടും ഇടമില്ലാത്ത രീതിയിൽ കുട്ടികളെ പൂർണമായും സുരക്ഷിതരായി സ്കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാകാത്ത തരത്തിൽ ക്രമീകരണം നടത്തും. വരുന്ന രണ്ടുമൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ കൂടുതൽ ചർച്ചകൾ നടക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും എല്ലാ വിദ്യാലയങ്ങളും സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്കുകൾ തയ്യാറാക്കും. സ്കൂളുകളിലും മാസ്കുകൾ നിർബന്ധമായും കരുതണം.
നേരത്തെ നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.