സൂക്ഷിച്ചാല്‍ പണം കൈയ്യിലിരിക്കും, അല്ലെങ്കില്‍ ബാങ്കെടുക്കും; 2022 ലെ 6 മാറ്റങ്ങള്‍ ഇവ

if-kept-the-money-will-be-in-hand-or-taken-to-the-bank-these-are-the-6-changes-in-2022
5 / 100

രാജ്യം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് സാമ്ബത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്.

അതില്‍ എടിഎം കാര്‍ഡ് ഉപയോഗം മുതല്‍ ലോക്കല്‍ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ വരെയുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതിനാല്‍ തന്നെ പണം നഷ്ടപ്പെടാനും സാധ്യതകളേറെയാണ്.

  1. എടിഎം ഇടപാടിന് ചെലവേറും

2022 ജനുവരി ഒന്ന് മുതല്‍ സൗജന്യ എടിഎം ഇടപാടുകള്‍ക്ക് പുറത്തുള്ള ഓരോ ഇടപാടിനും ബാങ്ക് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. അത് ബാലന്‍സ് ചെക്ക് ചെയ്യുന്നതായാലും പണം പിന്‍വലിക്കുന്നതായാലും ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. സൗജന്യ ഇടപാട് കഴിഞ്ഞാല്‍ നേരത്തെ ഇടപാടിന് 20 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് 21 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടി വരിക. സ്വന്തം ബാങ്കിന്റെ എടിഎം വഴി അഞ്ചാണ് സൗജന്യ ഇടപാട് പരിധി. മറ്റ് ബാങ്കുകളാണെങ്കില്‍ മെട്രോ നഗരത്തില്‍ മൂന്ന് തവണയും നോണ്‍ മെട്രോ നഗരങ്ങളില്‍ അഞ്ച് തവണയും സൗജന്യമായി എടിഎം ഇടപാട് നടത്താം.

  1. ലോക്കര്‍ ചട്ടങ്ങളിലെ മാറ്റം

ഇനി ലോക്കര്‍ സാധനങ്ങള്‍ കളവ് പോയാലോ നഷ്ടപ്പെട്ടാലോ ബാങ്കുകള്‍ക്ക് ഉപഭോക്താക്കളെ കൈയ്യൊഴിയാനാവില്ല. ലോക്കറുകളുടെ വാര്‍ഷിക വാടകയുടെ 100 മടങ്ങ് തുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ ഉപഭോക്താവിന് നല്‍കേണ്ടി വരിക. ലോക്കറിലെ ഉള്ളടക്കത്തിന് പരിരക്ഷ ഉറപ്പാക്കുന്നതിന് ബാങ്ക് ഉത്തരവാദിത്തമില്ലെന്ന് ഉപഭോക്താക്കളെ ബാങ്കുകള്‍ തന്നെ അറിയിക്കണം. ലോക്കര്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ബാങ്കിന് സാധിക്കില്ല.

  1. ജിഎസ്ടി ചട്ടങ്ങളില്‍ മാറ്റം

വസ്ത്രങ്ങള്‍, തുണികള്‍, ചെരുപ്പുകള്‍ തുടങ്ങിയവയുടെ വിലയിലെ ജിഎസ്ടി പരിധി ഉയര്‍ത്തിയത് ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. 2022 ജനുവരി ഒന്ന് മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് 12 ശതമാനമാണ് ജിഎസ്ടി. അഞ്ച് ശതമാനമായിരുന്നു നേരത്തെ ജിഎസ്ടി. ഓട്ടോറിക്ഷയിലെ പാസഞ്ചര്‍ സേവനത്തിന് ജിഎസ്ടി ഇളവ് തുടരും. എന്നാല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയുള്ള ഇത്തരം സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി നല്‍കേണ്ടി വരും.

  1. ഇപിഎഫിലെ നയംമാറ്റം

അക്കൗണ്ട് ഉടമകള്‍ ഇപിഎഫ് അക്കൗണ്ടും ആധാര്‍ നമ്ബറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ അക്കൗണ്ടില്‍ തൊഴിലുടമ അടയ്ക്ക് പണം നിക്ഷേപിക്കാനാവില്ലെന്നാണ് പുതിയ ചട്ടം. ആധാറും യുഎഎന്‍ നമ്ബറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.

  1. ഇന്‍കം ടാക്സില്‍ പിഴ കുറച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതികള്‍ ഇക്കുറി രണ്ട് തവണയാണ് നീട്ടിയത്. ജൂലൈ 31 ല്‍ നിന്ന് സെപ്തംബര്‍ 30 ലേക്കും അവിടെ നിന്ന് ഡിസംബര്‍ 31 ലേക്കുമാണ് നീട്ടിയത്. ഇതുവരെ വൈകി സമര്‍പ്പിക്കുന്ന ഐടി റിട്ടേണ്‍ അപേക്ഷയ്ക്കുള്ള പിഴ 10000 രൂപയായിരുന്നു. ജനുവരി ഒന്ന് മുതല്‍ പിഴത്തുക കുറയും. ഇത് 5000 രൂപയാക്കിയാണ് കുറച്ചത്. നിങ്ങളുടെ വേതനം ആദായ നികുതി പരിധിക്ക് താഴെയാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലും പിഴ ഈടാക്കില്ല.

  1. പോസ്റ്റ് ഓഫീസിലെ ബാങ്കിങ്

ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് പുതുവര്‍ഷത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ആദ്യ നാല് തവണ നിരക്കീടാക്കില്ലെന്നാണ് തീരുമാനം. പിന്നീടുള്ള 25 ഇടപാടുകള്‍ക്ക് തുകയുടെ 0.50 ശതമാനം ഫീസീടാക്കും. അതേസമയം നിക്ഷേപങ്ങള്‍ക്ക് ഈ ഫീസുണ്ടാവില്ല. ബാങ്ക് ഈടാക്കുന്ന ചാര്‍ജ്ജില്‍ ജിഎസ്ടിയും ഉണ്ടാവില്ല.