കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു, വയനാട്ടിൽ അതീവ ജാഗ്രത
Wayanad : നിപാ, കോവിഡ് 19, സിക്കാ എന്നിവയ്ക്ക് പുറമെ കേരളത്തിൽ മറ്റൊരു വൈറസ് ബാധയും സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ പുതുതായി നോറോ വൈറസ് (Norovirus) ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥികളിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
വിദ്യാർഥികളിൽ രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആലപ്പുഴ നാഷ്ണൽ വൈറോജി ഇൻസ്റ്റിറ്റ്യൂട്ടാണ് രോഗം സാന്നിധ്യം നിർണയിച്ചിരിക്കുന്നത്. വിദ്യാർഥികളിൽ വയറിളക്കവും , ഛർദ്ദിയും തുടങ്ങിയ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ വുകപ്പിന്റെ വിദഗ്ദ സംഘമെത്തി മലം പരിശോധനയ്ക്കായി അയക്കുകയായിരുന്നു.വിദ്യാർഥികൾക്ക് പുറമെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.
നോറാ വൈറസ് ബാധ ലക്ഷണങ്ങൾ
1. വയറിളക്കം
2. വയറ്റ് നോവ്
3. ഛർദി
4. മനംമറിച്ചിൽ
5. പനി
6. തലവേദന
7. ശരീര വേദന
വയറിളക്കം തുടങ്ങിയവ മൂർച്ഛിച്ചാൽ നിർജലീകരണത്തിലൂടെ രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. വൈറസ് ബാധയേറ്റ് രണ്ട് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.
രോഗം പകരാനുള്ള സാധ്യതകൾ
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് അസുഖം പകരുന്നത്. രോഗം ബാധിച്ചയാളുമായിട്ടുള്ള സമ്പർക്കത്തിലൂടെയും ശ്രവങ്ങളിലൂടെയും രോഗം പടരാം സാധ്യത ഏറെയാണ്. നോറോ വൈറസ് പ്രതലങ്ങിൽ നീണ്ട നേരം തങ്ങി നിൽക്കുകയും അത് കൈകൾ ശുചിയാക്കാതെ വായിലും മൂക്കിലും കണ്ണിലും തൊടുമ്പോൾ രോഗബാധയേൽക്കാൻ സാധ്യത കൂടുതലാണ്.
നിർജലീകരണം തടയാനായി ORS ലായിനിയും ചൂടാക്കിയ വെള്ളവും കുടിക്കുക.