സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രവും ധരിച്ച് അധ്യാപികമാർക്ക് ജോലി ചെയ്യാം

teachers-can-work-in-any-comfortable-and-dignified-costume
4 / 100

തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിർബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നതായി ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ നിരവധി പരാതികളാണ് വകുപ്പിന് ലഭിച്ചത്.

അധ്യാപികമാർ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ല. ഈ കാര്യങ്ങൾ ഇതിനു മുമ്പും ആവർത്തിച്ച വ്യക്തമാക്കിയതാണെന്നിരിക്കെ കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപനമേധാവികളും മാനേജ്മെന്റുകളും അടിച്ചേൽപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാമെന്ന് ജോയിന്റ് സെക്രട്ടറി സജുകുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.