ഇന്നുമുതൽ മൂന്ന് ദിവസം കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ യജ്ഞം; സ്‌കൂൾ ഐഡി കാർഡോ, ആധാറോ കൈയിൽ കരുതണം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..
സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്‌തോ നേരിട്ട് വാക്‌സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. സ്‌കൂൾ ഐഡി കാർഡോ, ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്‌സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളുമായും റസിഡൻസ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതാണ്. സംസ്ഥാന റാപ്പിഡ് റെസ്‌പോൺസ് ടീം യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.15 മുതൽ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിനും 52 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിനും 11 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
കോവിഡ് കേസുകളിൽ ജിനോമിക് പരിശോധനകൾ നടത്തുന്നതാണ്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണമെന്നും മന്ത്രി നിർദേശം നൽകി.