ഒന്നു വരുമ്പോൾ തൊട്ടു മുമ്പത്തേത് മറക്കുന്നു; കൃഷിനാശ നഷ്ടപരിഹാരം കിട്ടാത്തവർ 76 ശതമാനം

when-the-present-comes-one-forgets-the-past-76-of-farmers-do-not-receive-crop-damage-compensation
2 / 100

തൃശ്ശൂർ: കാലാവസ്ഥാമാറ്റം കർഷകരെ വേട്ടയാടുമ്പോൾ നഷ്ടപരിഹാരത്തുക സമയബന്ധിതമാവുന്നില്ല. കഴിഞ്ഞ മേയിലുണ്ടായ മഴയിൽ കൃഷി നശിച്ചവർക്കുള്ള തുകയാണ് പല ജില്ലകളിലും വിതരണം ചെയ്യാത്തത്. മൊത്തം അപേക്ഷകരിൽ 76 ശതമാനം പേർക്കും നൽകിയിട്ടില്ല. കാത്തുനിൽക്കാതെ വീണ്ടും കൃഷി തുടങ്ങിയവരിൽ ചിലർക്ക് രണ്ടാഴ്ച മുമ്പത്തെ മഴ തിരിച്ചടിയാവുകയും ചെയ്തു. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ മേഖലയിലെ കർഷകർക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. കൃഷിനാശത്തെ തുടർന്ന് കൃഷിഭവൻ വഴിയാണ് കർഷകർ അപേക്ഷ നൽകിയത്. വയനാട്, എറണാകുളം ജില്ലകളിൽ ഒരാൾക്കുപോലും തുക കിട്ടിയിട്ടില്ല. നെൽകൃഷിക്ക് വലിയ നാശനഷ്ടമുണ്ടായ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകർ ഉണ്ടായിരുന്നത്. 6,961 അപേക്ഷകരിൽ 1,782 പേർക്ക് മാത്രമാണ് തുക കൊടുക്കാൻ കഴിഞ്ഞത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം ചേർത്തുള്ള തുകയാണ് വിതരണം ചെയ്യുന്നത്. ഇതിൽ കേന്ദ്രവിഹിതം 25 ശതമാനം മാത്രമാണുള്ളത്. അത് എല്ലാ ജില്ലകളിലും അനുവദിച്ചിരുന്നു. ആ തുകയിൽ ഉൾപ്പെടുത്തിയുള്ള വിതരണമാണ് നാമമാത്രമായി നടന്നത്. ചെറിയ തുകയ്ക്കുള്ള നഷ്ടപരിഹാരങ്ങളാണ് ഇങ്ങനെ വിതരണംചെയ്തത്. എന്നാൽ, വലിയ നഷ്ടം തിട്ടപ്പെടുത്തിയിരുന്ന കർഷകർക്കാണ് പ്രധാനമായും ഇനി തുക കിട്ടാനുള്ളത്. സംസ്ഥാന വിഹിതമായുള്ള തുക ഇനിയും അനുവദിച്ചിട്ടില്ല. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നഷ്ടപരിഹാരതുക നൽകുമെന്ന മറുപടിയാണ് കൃഷി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത്. ഭരണാനുകൂല കർഷക സംഘടനകളും നഷ്ടപരിഹാരവിതരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 2021 ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള നഷ്ടപരിഹാരം 95 ശതമാനവും വിതരണം ചെയ്തിട്ടുണ്ട്. ജില്ല അപേക്ഷകർ അനുവദിക്കപ്പെട്ടവർ